മാവേലി നാടു വാണീടും കാലം മാനുഷരെല്ലാരുമൊന്നുപോലെ
ആമോദത്തോടെ വസിക്കും കാലം ആപത്തങ്ങാര്‍ക്കുമൊട്ടില്ല താനും
ആധികള്‍ വ്യാധികളൊന്നുമില്ല; ബാലമരണങ്ങള്‍ കേള്‍പ്പാനില്ല.
പത്തായിരമാണ്ടിരിപ്പുമുണ്ട്; പത്തായമെല്ലാം നിറവതുണ്ട്
എല്ലാ കൃഷികളും ഒന്നുപോലെ; നെല്ലിന്നു നൂറുവിളവതുണ്ട്
ദുഷ്ടരെ കണ്കൊണ്ടുകാണ്മാനില്ല; നല്ലവരല്ലാതെയില്ല പാരില്‍
ഭൂലോകമൊക്കേയുമൊന്നുപോലെ; ആലയമൊക്കെയുമൊന്നുപോലെ
നല്ല കനകം കൊണ്ടെല്ലാവരും; നല്ലാഭരണങ്ങളണിഞ്ഞുകൊണ്ട്
നാരിമാര്‍, ബാലന്മാര്‍ മറ്റുള്ളോരും; നീതിയോടെങ്ങും വസിച്ചകാലം
കള്ളവുമില്ല ചതിയുമില്ല; എള്ളോളമില്ല പൊളി വചനം
വെള്ളിക്കോലാദികള്‍ നാഴികളും; എല്ലാം കണക്കിനു തുല്യമത്രേ.
കള്ളപ്പറയും ചെറു നാഴിയും; കള്ളത്തരങ്ങള്‍ മറ്റൊന്നുമില്ല
നല്ലമഴ പെയ്യും വേണ്ടുംനേരം; നല്ലപോലെല്ലാ വിളവും ചേരും
മാവേലി നാടുവാണീടുംകാലം; മാനുഷരെല്ലാരുമൊന്നുപോലെ
എല്ലാരും മറന്നുതുടങ്ങിയ ഒരു പഴയ പാട്ട് ഇപ്രാവശ്യം എഡിറ്റോറിയലായി കുറിക്കുന്നു. ഇപ്പാട്ടില്‍ പറയപ്പെടുന്നപോലല്ല കഴിഞ്ഞ കുറേകാലങ്ങളായി മാവേലിനാട് ജീവിക്കുന്നത് എന്നതുകൊണ്ടാണല്ലോ നാമീ പാട്ട് മറന്നു തുടങ്ങിയത്. അല്ലെങ്കില്‍ ഈ പാട്ടില്‍ പറയുന്നപോലൊരു ലോകം സ്വപ്നം കാണാന്‍ കൂടി നമുക്ക് അവസരമില്ലെന്നതും കാരണമാവാം. മാവേലിനാട് മലയാളിയുടെ ആഗ്രഹമോ ചരിത്രമോ ഒക്കെ ആവാം. അതിനി നമ്മുടെ നിനവില്‍ പോലും ഉണ്ടാകാനുള്ള സാധ്യതകള്‍ അസ്തമിച്ചുവെന്ന തോന്നലിലാണ് നാമീ പാട്ട് മറന്നത് എന്ന് ചുരുക്കം.
ഓര്‍മ്മകളില്‍ നിന്ന് മറയുന്നത് അനുഭവസാമീപ്യം കുറയുന്നതുകൊണ്ടാണ്. മാനുഷര്‍ ഒന്നുപോലെ കഴിയാനുള്ള സ്വപ്നം അങ്ങനെ മറക്കപ്പെടേണ്ട സ്വപ്നമോ സാധ്യതയോ ആകാന്‍ പാടില്ല എന്നതുകൊണ്ടാണ് പാട്ടിലെ മിക്ക വരികളും മറന്നിട്ടും
‘മാവേലി നാടുവാണീടുംകാലം; മാനുഷരെല്ലാരുമൊന്നുപോലെ’
എന്ന വരി ഒരിക്കലും മറക്കാതെ നിലനില്‍ക്കുന്നത്. ഇതു നാം ഉണ്ടാക്കിയെടുക്കേണ്ട അവസ്ഥയാണ്. അതിന് പ്രാഥമികമായി പ്രവര്ര്‍ത്തിക്കേണ്ടത് ഓര്‍മ്മകളാണ്. ഓര്‍മ്മകള്‍ ചരിത്രംതന്നെ. ചരിത്രത്തിന്റെ പിന്നിട്ടവഴികളില്‍ നാം കണ്ടുമുട്ടുക ‘മാനുഷരെല്ലാരുമൊന്നുപോലെ‘ ആയിരുന്നില്ലാത്ത നീണ്ട കാലങ്ങളാണ്. അവിടെ നടന്ന സാമൂഹ്യപരിവര്‍ത്തനങ്ങളാണ്. മാനുഷരെ ഒന്നുപോലെ കാണാനുള്ള ആഹ്വാനങ്ങളും പ്രവര്‍ത്തനങ്ങളും അതിലെ വിജയങ്ങളുമാണ്. ചെറിയ ചെറിയ വിജയങ്ങള്‍ നേടിയെടുത്ത സാമൂഹ്യവികാസമാണ്. അതിലൂടെ ഉരുവംകൊണ്ട മാനവജീവിതവികാസമാണ്. അതിനിയും തുടരുകയും ഇനിയും വളരുകയും ചെയ്തേ മതിയാവൂ എന്ന സാമൂഹ്യയാഥാര്‍ഥ്യമാണ്. കാരണം ചരിത്രത്തിന്ന് ഒരിക്കലും റിവേസ് ഗീയറുകള്‍ ഇല്ല. ആവര്‍ത്തനങ്ങളുമില്ല.
Friday, September 9th, 2011
